ബെർലിൻ: ജർമനിയിൽ ട്രെയിൻ കണ്ടക്ടറെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ 26 വയസുകാരനായ പ്രതിക്ക് 10 വർഷം തടവുശിക്ഷ വിധിച്ചു. റൈൻലാൻഡ്-പാലറ്റിനേറ്റ് സംസ്ഥാനത്തെ ലാൻഡ്സ്റ്റുൽ സമീപം നടന്ന സംഭവത്തിൽ, സ്വൈബ്രൂക്കൻ റീജണൽ കോടതിയാണ് ലക്സംബർഗിൽ താമസിക്കുന്ന ഗ്രീക്ക് പൗരനായ പ്രതിക്കെതിരേ ശിക്ഷ വിധിച്ചത്.
ടിക്കറ്റ് പരിശോധനയ്ക്കിടെ ടിക്കറ്റില്ലാതെ യാത്ര ചെയ്ത പ്രതിയോട് തിരിച്ചറിയൽ രേഖ കാണിക്കാനോ അടുത്ത സ്റ്റേഷനിൽ ഇറങ്ങാനോ കണ്ടക്ടറായ 36 വയസുകാരൻ സെർക്കാൻ ചലാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്.
പ്രകോപിതനായ പ്രതി കണ്ടക്ടറുടെ തലയ്ക്ക് ആവർത്തിച്ച് മർദിച്ചതായി ട്രെയിനിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചലാർ രണ്ട് ദിവസത്തിന് ശേഷം തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ മരിച്ചു.
പ്രതിക്കെതിരേ കൊലപാതകം എന്ന കുറ്റത്തിന് പകരം മരണത്തിലേക്ക് നയിച്ച ഗുരുതരമായ ശാരീരിക ഉപദ്രവം എന്ന കുറ്റമാണ് പ്രോസിക്യൂഷൻ ചുമത്തിയത്. കൊലപ്പെടുത്താനുള്ള മുൻകൂട്ടിയുള്ള ഉദ്ദേശ്യം തെളിയിക്കാനായില്ലെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.
12 വർഷം തടവുശിക്ഷ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി 10 വർഷം ശിക്ഷ വിധിക്കുകയായിരുന്നു. അതേസമയം, വിധിയിൽ സെർക്കാൻ ചലാറിന്റെ കുടുംബം അതൃപ്തി രേഖപ്പെടുത്തി.
പ്രതിയുടെ നടപടി ക്രൂരമായ കൊലപാതകമാണെന്നും ആജീവനാന്ത തടവുശിക്ഷ നൽകേണ്ടതായിരുന്നുവെന്നുമാണ് കുടുംബത്തിന്റെ അഭിഭാഷകർ പ്രതികരിച്ചത്. വിധിക്കെതിരേ അപ്പീൽ നൽകാനുള്ള സാധ്യത ഇരുവിഭാഗത്തിനുമുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഈ സംഭവം ജർമനിയിലെ പൊതുഗതാഗത മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ഊർജം പകർന്നിരിക്കുകയാണ്.